Friday 13 September 2013

ആകാശ മിഠായി

കൂട്ടുകാരന്റെ മകളുടെ പേര്
മഴയാണെന്നറിഞ്ഞപ്പോൾ
മനസ്സ് തെളിഞ്ഞു
സാറാമ്മായുടെയും കേശവൻനായരുടെയും
സങ്കടം
വൈകിയാണെങ്കിലും പരിഹരിക്കപ്പെട്ടല്ലോ

വംശ മുദ്രയില്ലാത്ത
ജാതി മുദ്രയില്ലാത്ത
ജീവജാതികൾക്കെല്ലാം മീതെ
തുല്യമായ ഉത്സാഹത്തോടെ
പെയ്തിറങ്ങുന്ന മഴ
ആദ്യമായൊരുവളുടെ പേരായിരിക്കുന്നു 

മഴ പോലെ നല്ലൊരു പേര്
എത്രകാലം കൂടിയിട്ടാണ്‌
ഒരു പെണ്‍കുട്ടിക്ക് കിട്ടിയത്?
കുഞ്ഞായിരിക്കുമ്പോഴേ
അവൾക്കു പേരായി
മഴയ്ക്കുമുണ്ടാകില്ലേ കൊതി
വീടായി കുടുംബമായി കഴിയാൻ
നാട്ടിലെത്താനും വീട്ടിലെത്താനും
ഓർമ്മിപ്പിക്കുന്ന ചുമതല
കാലങ്ങളായി വഹിക്കുന്നതല്ലേ,
അടച്ചിട്ട വാതിലിനു പിന്നിൽ
ജന്മത്തിനു പിന്നിൽ എന്ന പോലെ
ഏറെ കാലം ക്ഷമയറ്റ് നിന്നതല്ലേ,
പഴുത് കിട്ടിയപ്പോഴൊക്കെ
അകത്ത് കയറി നോക്കിയതല്ലേ.

ഇനി മഴ
കുട ചൂടി
കൈയ്യിൽ പുസ്തകങ്ങളുമായി
മുറ്റത്ത്‌നിന്നേ അമ്മേ എന്ന് വിളിച്ച്
വീട്ടിൽ കയറിച്ചെല്ലും    
പൂച്ചയും അമ്മയും
വാതിൽ തുറന്ന്
അവളെ അകത്തേക്ക് കൂട്ടും.
മഴ
മഴയായപ്പോൾ
എവിടെയെല്ലാം എത്തി?
തോട് ചാടിക്കടന്ന് മഴ വരുന്നു 
മഴ ചമ്രം പടിഞ്ഞിരിക്കുന്നു
മഴ ചോറുതിന്നുന്നു
മഴ കൈ  കഴുകുന്നു 
മഴ മഴയത്ത് തുള്ളിച്ചാടുന്നു
ഓട്ടോയിൽ കയറുന്ന,
ഓടിത്തുടങ്ങിയ ബസ്‌ പിടിക്കാനാകാതെ
മുഖം വീർപ്പിച്ച് മടങ്ങി വരുന്ന
വെച്ച് കുത്തിയതിന്റെ വേദന മാറും വരെ  
കുമ്പിട്ടിരിക്കുന്ന
ക്ലാസ്സിലടങ്ങിയിരിക്കാത്ത
ചിരിച്ച് കുഴയുന്ന
പ്രേമിക്കുന്ന
കൊട്ടുവായിടുന്ന
ഉച്ചയായിട്ടും മൂടിപ്പുതച്ചുറങ്ങുന്ന മഴ.
മഴയ്ക്ക്
മാറാത്ത ജലദോഷമുണ്ടെങ്കിൽ
പേരിന്റെ ദോഷമാണെന്നു പറയുമോ വൈദ്യർ?
ചോർച്ചയടച്ചിട്ടെന്താ
മഴ വീടിനകത്തല്ലേ
എന്ന് കളിയാക്കുമോ പ്ലംബർ?
എണ്‍പതെഴുപത് വർഷം നീളുന്ന മഴ
എന്നാരെങ്കിലും മൂക്കത്ത് വിരൽവെക്കില്ലേ?
ഓ, മഴയെത്തി 
എന്ന് ചിരിച്ചാർക്കില്ലേ മഴയുടെ സഹപാഠികൾ
(മണ്ണ ട്ടയും  തവളയും കാറ്റും ഇലയുമായിരുന്നു
മുൻപ്അവളുടെ സഹപാഠികൾ)
ഒരു വീട്ടിൽ മാത്രം മഴ
എന്ന് പിറുപിറുക്കുമോ അയൽപക്കം?
നശിച്ച മഴ എന്ന് ശപിക്കുമോ
കുശുമ്പും കുന്നായ്മയും?
മഴ എന്ന് കേട്ട പാതി കേൾക്കാത്ത പാതി
ആരെങ്കിലും കുട നിവർത്തില്ലേ?
അവളാക്കുട
ചിരിച്ചു തള്ളുമോ?

മഴേ,
നീ വെയിലിന്റെ കൂടെയോ
കാറ്റിന്റെ കൂടെയോ
മിന്നലിന്റെ കൂടെയോ
ഉലയുന്ന മരങ്ങളുടെ കൂടെയോ
പ്രായമാകുമ്പോൾ പോകുക?

പ്രായമേറുന്തോറും
മഴയ്ക്ക് മഴയെ ഇഷ്ടമല്ലാതാകുമോ? 
പെണ്ണിന് മാത്രം പറ്റുന്ന പേര്
പുറത്തിറങ്ങാൻ വിടാത്ത പേര്
താണിടം പറ്റിക്കിടക്കുന്ന പേര്
അല്പം കൊണ്ടും മടുക്കുന്ന പേര്
എത്ര നല്ല പേരുകളാണ്
ആ പേരുകാർ മാത്രമായി
അവരുണ്ടാക്കുന്ന നീരസം മാത്രമായി മാറുന്നത്
മഴേ,
നീയങ്ങനെയാവരുതേ.   

'ആകാശ മിഠായി' : കല്പറ്റ നാരായണൻ 

                   (ചിത്രത്തിൽ : നക്ഷത്ര, അന്നൂർ)

അന്വേഷണം

(ജയ്പൂർ 'ഹവാ മഹലിനു' പുറത്തു നിന്നുള്ള ഒരു ഫോട്ടോ)
 

Thursday 29 August 2013

സ്നേഹത്തിന്റെ മറ്റൊരു ദിനത്തിന് ധന്യവാദമർപ്പിക്കുമ്പോൾ

"സ്നേഹിക്കുമ്പോൾ ആഗ്രഹങ്ങൾ ഉളവാകുന്നുവെങ്കിൽ, 
ഇവയായിരിക്കട്ടെ നിന്റെ ആഗ്രഹങ്ങൾ:
ഇരവിനോട് അഭിരാമഗീതം പാടിയൊഴുകുന്ന അരുവിയായി അലിയുവാൻ 
അതിവിലോലതയുടെ വേദനയെന്തെന്നറിയുവാൻ,
സ്നേഹത്തെ കുറിച്ചുള്ള ആത്മബോധത്താൽ വ്രണിതമാകുവാൻ
അങ്ങനെ സ്വന്തം ഇച്ഛയാൽ സന്തോഷപൂർവ്വം രക്തം ചിന്തുവാൻ.

ചിറകാർന്ന ചിത്തത്തോ
ടെ പുലർവേളയിലുണർന്ന്, 
സ്നേഹത്തിന്റെ മറ്റൊരു ദിനത്തിന് ധന്യവാദമർപ്പിക്കുവാൻ,
മധ്യാഹ്ന വിശ്രാന്തിയിൽ, സ്നേഹത്തിന്റെ നിർവൃതിയെ പറ്റി ധ്യാനിക്കുവാൻ,
സായന്തനത്തിൽ കൃതജ്ഞതാനിർഭരനായി വീടണയുവാൻ
പിന്നെ പ്രിയപ്പെട്ടവൾക്കായി, ഹൃദയത്തിൽ ഒരു പ്രാർത്ഥനയും 
ചുണ്ടത്തൊരു അപദാനഗീതവുമായി ഉറങ്ങുവാൻ"              

ഖലീൽ ജിബ്രാൻ - 'പ്രവാചകൻ'
(പരിഭാഷ - കെ ജയകുമാർ)

Sunday 18 August 2013

രാജസ്ഥാൻ

കത്തുന്ന സൂര്യനെ മനസാ വരിക്കാനായി ഉത്തരേന്ത്യൻ സ്ത്രീകൾ
കടും വർണ്ണങ്ങളെ പ്രണയിക്കുകയാണെന്ന് ചിലപ്പോൾ
 തോന്നാറുണ്ട്.

മഞ്ഞയുടെയും ചുകപ്പിന്റെയും ഉത്സവമേളം തീർത്ത്
ലെഹംഗയും ചോലിയും ധരിച്ച് 
ഉരുകിയൊലിക്കുന്ന വെയിലിൽ
നിസ്സംഗം നടന്നു നീങ്ങുന്ന ഇവരെ കാണുമ്പോൾ 
നിശ്ചലമായ ഒരു തടാകത്തിൽ നിലാവിൽ ഒഴുകി നടക്കുന്ന
അരയന്നങ്ങൾ പോലെ തോന്നും.

രാജസ്ഥാനിൽ ഇതുവരെ ഒറ്റത്തവണ മാത്രമേ പോകാൻ പറ്റിയിട്ടുള്ളൂ, 
ആദ്യ കാഴ്ചയിൽ തന്നെ
രജപുത് അംഗനമാരുടെ ജയ്പൂർ
കടും നിറങ്ങൾ കൊണ്ട് മനസ്സ് കീഴടക്കിക്കളഞ്ഞു.

ജോധ്പൂരും ജയ്സാൽമീറും മോഹിപ്പിച്ചു കൊണ്ട് ഇപ്പോഴും ബാക്കി നിൽക്കുന്നു.

(ചിത്രങ്ങൾ - ജയ്പൂർ രാജാ മാൻസിംഗ് കോട്ടയിൽ നിന്ന്) 

Wednesday 31 July 2013

കുളിക്കാലം

എന്തായാലും മഴ ഇത്തവണ ഒട്ടും മോശമാക്കിയില്ല,
കഴിഞ്ഞ തവണ കുറഞ്ഞു പോയതിന്റെ വാശിയിൽ
തകർത്തങ്ങ് പെയ്യുകയാണ്.


ഇടവത്തിൽ കൃത്യമായെത്തി പതിഞ്ഞ താളത്തിൽ തുടങ്ങിയ മഴ
കർക്കിടകം പകുതിയാകുമ്പോഴേക്കും ഭൂമി മലയാളത്തെ
അങ്ങ് സ്നേഹിച്ച് വീർപ്പുമുട്ടിക്കുകയാണ്.


മഴക്കാലമെന്നാൽ നാട്ടിലെ ബാല്യത്തിന്
ചിറകളിലെ കുളിക്കാലം കൂടിയാണ്, 
തകർത്തു പെയ്ത കർക്കിടക മഴയിൽ
നാടൊട്ടുക്ക് അമ്പലക്കടവുകളും ചിറകളും നിറഞ്ഞു കവിഞ്ഞു.



വടക്കൻ മലബാറിൽ മുക്കിന് മുക്കിന് കാവുകളും ക്ഷേത്രങ്ങളുമാണ്
മിക്കയിടത്തും ചിറയോ കുളമോ ഉണ്ട് താനും
ഒരിടത്തും വൈകുന്നേരങ്ങളിൽ ആളൊഴിയുന്നില്ല.


 പകലിരുളുമ്പോൾ കുളക്കടവുകളിൽ
നീന്തൽ പിള്ളേരുടെ ആരവമാണ്. 

സ്കൂളിൽ പോയി തുടങ്ങിയ പൊടികൾ തൊട്ട്
പ്രായമായവർ വരെ വൈകുന്നേരമായാൽ 
കുളക്കടവുകളിൽ ഹാജർ.



ക്യാമറ കണ്ടാൽ അഭ്യാസങ്ങൾ ഒന്നൂടെ ഉഷാറാകും
സൂചി കുത്തും തിരിഞ്ഞു ചാട്ടവും
സുഹൃത്തിന്റെ തോളിൽ കയറി
നീട്ടി വലിഞ്ഞുള്ള  മലക്കം മറിച്ചിലും കൊഴുക്കും.



 ഉണക്ക തേങ്ങ കെട്ടിയും ട്യൂബിട്ടും 
എന്തിനു പ്ലാസ്റ്റിക്ക് കുപ്പികളിൽ കയറിട്ട് ചേർത്തും
നീന്തൽ പഠനത്തിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കുന്നതും
ഇവിടെയൊക്കെ തന്നെ. 


വെള്ളത്തിൽ  കളിക്കുമ്പോൾ  സമയം പോകുന്നതറിയില്ല,
അല്ലെങ്കിലും മഴക്കാലത്ത് വേറെ എന്ത് കളിക്കാനാണ്?
 സ്കൂൾ വിട്ടെത്തിയാൽ ഒരു തോർത്തുമെടുത്ത്
നേരെ കുളത്തിലേക്ക് തന്നെ.  


അഭ്യാസം കാണിക്കാൻ മുതിർന്നവരും മോശമല്ല
കുളത്തിനു നടുവിൽ മിനുട്ടുകളോളം മലർന്നു കിടന്നു പോസ് ചെയ്ത ശേഷം
ഒടുവിൽ ഫെയിസ്‌ ബുക്കിൽ പോസ്റ്റ്‌ ചെയ്യാൻ ഫോട്ടോ അയച്ചു തരേണ്ട
ഇമെയിൽ അഡ്രസ് പറഞ്ഞു തരാനും മറക്കുന്നില്ല ഇവർ.


തൃക്കരിപ്പൂർ ചക്രപാണി ക്ഷേത്രക്കുളത്തിൽ നിന്നുള്ള
ചില മഴക്കാല ചിത്രങ്ങൾ

Wednesday 24 July 2013

നാലു മണിപ്പൂവ്


മഴയോട് കിന്നരിച്ച്,
അഞ്ചു മണി നേരത്ത്.  

Thursday 18 July 2013

പകിട


കളിയും കാര്യവും  - രണ്ട് ജയ്പൂർ ചിത്രങ്ങൾ
(രാജാ മാൻസിംഗ് കോട്ടയിൽ നിന്ന്)

Saturday 13 July 2013

മാസ്റ്റർ

ഇക്കഴിഞ്ഞ ജൂൺ മാസം,
മഴ കോരിച്ചൊരിയുന്ന ഒരു വെള്ളിയാഴ്ച,
മൂന്നു കൂട്ടുകാരോടൊത്ത് പറശ്ശിനിയിൽ പോയതായിരുന്നു.
മടപ്പുരയിൽ ചായ കുടിക്കാനിരിക്കുന്ന ഹാളിന്റെ മുകളിൽ ഒരു മിന്നായം പോലെ കണ്ടതേ ഉള്ളൂ,
ഞങ്ങൾ ഓടി ചെന്നു കയറി നോക്കുമ്പോൾ
നിറഞ്ഞു ചിരിച്ചു കൊണ്ട് അവിടെ ഇരിക്കുന്നു,
മഹാനടൻ! 
 ഒറ്റ കാഴ്ചയിൽ തന്നെ ഞങ്ങളെ തിരിച്ചറിഞ്ഞു.
കൈ പിടിച്ച് അടുത്തിരുത്തി വിശേഷങ്ങൾ ചോദിച്ചു.
കോടതി ഉത്തരവ് പ്രകാരം രണ്ടാഴ്ചയിലൊരിക്കൽ മടപ്പുരയുടെ ഭണ്ഡാരം തുറക്കുമ്പോൾ
മാഷിന്റെ സാന്നിധ്യം വേണമത്രെ.
നിരീക്ഷകനായി വന്നതാണു.
 പഴയ ഹൈസ്കൂൾ ക്ലാസ്സിൽ ഷേക്സ്പിയറായും വേർഡ്സ് വെർത്തായുമെല്ലാം
നിമിഷാർദ്ധം കൊണ്ട് ഭാവപ്പകർച്ച സംഭവിക്കുന്ന
ചൈതന്യവത്തായ ആ മുഖം
അല്പ നേരം നീണ്ട കുശലാന്വേഷണത്തിനിടെ
അരണ്ട വെളിച്ചത്തിൽ നോക്കിയിരുന്നു.
 
 ഒരു മാറ്റവുമില്ല, എല്ലാം പഴയതു പൊലെ തന്നെ.
കേൾവി മാത്രം കുറവുണ്ട്‌.,
പക്ഷേ ധിഷണ ഇപ്പോഴും മൂർച്ചയുള്ളതു തന്നെ.
ഒരു തവണ കേട്ടാൽ തന്നെ ഓർമ്മയിൽ നില്ക്കുന്ന സ്വഭാവത്തിനു
മാറ്റമൊന്നും സംഭവിച്ചിട്ടില്ല.
പത്തു പതിനഞ്ചു മിനുട്ട് മാത്രം നീണ്ട കൂടിക്കാഴ്ചക്കു ശേഷം
നിറഞ്ഞ മനസ്സോടെ തിരിച്ചിറങ്ങുമ്പോൾ
'റെൻ ആന്റ് മാർട്ടിൻ' ഗ്രാമർ 
പഠിത്തത്തിൽ സ്കൂളിൽ നിന്നു കിട്ടിയ കിഴുക്കിന്റെ ഓർമ്മകളായിരുന്നു
തല നിറയെ.


ചിത്രത്തിൽ : കഥകളി നടനും അദ്ധ്യാപകനുമായ കെ വി കൃഷ്ണൻ നായർ
(മുൻ പ്രിൻസിപ്പാൾ - മൂത്തേടത്ത് ഹൈസ്കൂൾ, തളിപ്പറമ്പ് / വിദ്യാധിരാജ സ്കൂൾ അന്നൂർ, പയ്യന്നൂർ)    

Saturday 6 July 2013

മഴ..


..തന്റെ കഥ
ഇടയ്ക്കൊന്നു
പറഞ്ഞു നിർത്തിയപ്പോൾ
മിച്ചം വന്നത്. 

Saturday 11 May 2013

അന്ധത

''കണ്ണിനു കണ്ണ് എന്ന മനോഭാവം ലോകം മുഴുവൻ അന്ധത പടർത്താൻ മാത്രമേ സഹായിക്കൂ''
- ഗാന്ധിജി -