Thursday 20 October 2011

കാക്കനാടന് *

---- ഒടുവില്‍ ലഹരി മാഞ്ഞപ്പോള്‍ മുറുകെ പിടിച്ചിരുന്ന കൈകള്‍ അയഞ്ഞപ്പോള്‍ അവള്‍ പിടഞ്ഞെഴുന്നേറ്റു. അവള്‍ സംതൃപ്തിയുടെ മന്ദഹാസത്തോടെ പറഞ്ഞു - "നന്ദി"

എനിക്ക് ചിരി വന്നു. അവള്‍ വസ്ത്രങ്ങള്‍ ധരിക്കുക ആയിരുന്നു. ഞാനുമെണീറ്റ് വസ്ത്രങ്ങള്‍ ധരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഇവള്‍ ഒരു സാധാരണ സ്ത്രീ ആയിട്ടുണ്ടാകും. ഞാന്‍ സന്തോഷിച്ചു. കിടക്കയിലിരുന്നു കമ്പിളി സോക്ക്സ് കാലില്‍ വലിച്ചു കയറ്റവേ ഞാന്‍ പറഞ്ഞു:

"നീ സുന്ദരിയാണ്; നിന്നെ ഞാന്‍ മറക്കില്ല"
അവള്‍ മറുപടിയൊന്നും പറഞ്ഞില്ല. അമ്പടി തോറ്റിരിക്കുന്നു അല്ലേ? എന്നിട്ടും തോല്‍വി സമ്മതിക്കാന്‍ വയ്യ അതല്ലേ മിണ്ടാതിരിക്കുന്നത്?

അവളുടെ നിശബ്ദത തന്ന ധൈര്യത്തില്‍ ഞാന്‍ ചോദിച്ചു:
"നിന്റെ പേരെന്താ?"
എന്നില്‍ അത്ഭുതം സൃഷ്ഠിക്കുമാറ് സ്വരം കടുപ്പിച്ച് അവള്‍ പറഞ്ഞു:
"അത് പ്രധാനമല്ല"

അമ്പരപ്പ് ഒളിപ്പിച്ചു വെച്ച ഞാന്‍ ചിരിച്ചു. തുടര്‍ന്നു ചോദിച്ചു:
" എന്റെ പേര് അറിയണമെന്നില്ലേ? "
"വേണ്ട" അവളുടെ ശബ്ദം കുറെക്കൂടെ കടുത്തു. "അതും പ്രധാനമല്ല. നിങ്ങള്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുന്നു. നിങ്ങള്‍ എന്നെ 'നീ' എന്നു സംബോധന ചെയ്തത് തെറ്റാണ്" അവളുടെ ശബ്ദത്തിന്റെ കാഠിന്യവും വ്യാപ്തിയും ഏറിക്കൊണ്ടിരുന്നു.

അവള്‍ തുടര്‍ന്നു " ഞാന്‍ നിങളുടെ സ്നേഹിത അല്ല, നീയെന്നു വിളിക്കുന്നത് കൂട്ടുകാരെയാണ്"
ആ വാക്കുകള്‍ എന്നെ അമ്പരപ്പിച്ചു. നീയെന്ന സംബോധന ജര്‍മ്മനിയില്‍ അടുപ്പത്തെ കാണിക്കുന്നതാണ് . ഇതില്‍ കവിഞ്ഞ അടുപ്പമുണ്ടോ?

ഞാന്‍ അമ്പരന്നു നിന്നപ്പോള്‍് അവള്‍ ശബ്ദമുയര്‍ത്തി തുടര്‍ന്നു: "ഇത് ഭ്രാന്താണ്, നമ്മള്‍ ഈ കാട്ടിക്കൂട്ടിയത്. ഞാന്‍ ഭ്രാന്തി ആയത്കൊണ്ടാണ് നിങ്ങളെയിങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നത് . ഇത് ഭ്രാന്താണ്, പാപമാണ്, നിങ്ങള്‍ക്ക് വേണ്ടത് കിട്ടിയില്ലേ? ഇനി പോകരുതോ?"

അപ്പൊളേക്ക് അവളുടെ ശബ്ദം ഏതാണ്ട് അലര്‍ച്ചയൊടടുത്തിരുന്നു. അവളുടെ കഴുത്തിലെ ഞരമ്പുകള്‍ തുറിച്ചു. കണ്ണുകളില്‍ കോപം കിടന്നു തിളച്ചു.

ഞാന്‍ പരിഭ്രമിച്ച് എഴുന്നേറ്റു.
അവള്‍ സ്വീകരണ മുറിയിലേക്ക് കടന്നു ലൈറ്റിട്ടു. വാര്‍ഡ്രോബ് തുറന്നു എന്റെ ഓവര്‍കോട്ട് എടുത്ത് അവള്‍ അത് എന്റെ നേരെ എറിഞ്ഞു തന്നു. "പോകാന്‍ പറഞ്ഞില്ലേ, കടക്ക് പുറത്ത്" അവള്‍ അലറി.

ഞാന്‍ ഓവര്‍കോട്ടിടുമ്പോഴും അവള്‍ ഉച്ചത്തില്‍ ശപിച്ച്കൊണ്ടിരുന്നു. ഞാന്‍ പുറത്തിറങ്ങിയ നിമിഷത്തില്‍ അവള്‍ വാതില്‍ കൊട്ടിയടച്ച് തഴുതിട്ടു. പരിഭ്രാന്തിയോടെ ഞാന്‍ ഇറങ്ങി നടന്നു. ഡിസംബറിലെ മഞ്ഞില്‍ രാത്രിയുടെ ഇരുട്ടില്‍ നഗരം ചത്തു മരവിച്ചു കിടന്നു. ---
(
ഭ്രാന്ത് : കാക്കനാടന്‍ )

*പുതിയ ഭാവുകത്വത്തില്‍ എഴുതാന്‍ മലയാളിയെ ശീലിപ്പിച്ചതിനു, ഭ്രാന്തുകളുടെ കുളിര്‍മക്ക്