Sunday 15 April 2012

കണ്വ കന്യ


"വെണ്‍നര കലര്‍ന്നവളല്ല നീയെന്‍ കണ്ണിന്നു
'കണ്വമാമുനിയുടെ കന്യ'യാമാരോമാലാള്‍;
പൂനിലാവണിമുറ്റമല്ലിതു, ഹിമാചല സാനുവിന്‍
മനോഹര  മാലിനീ നദീതീരം.

വ്യോമമല്ലിത്  സോമ താരകാകീര്‍ണ്ണം, നിന്റെ
യോമന വനജ്യോത്സ്ന പൂത്തുനില്‍ക്കുവതല്ലോ
നിഴലല്ലിത് നീളെ പുള്ളിയായ് മാഞ്ചോട്ടില്‍ നിന്നിള -
മാന്‍ ദീര്‍ഘാപാംഗന്‍ വിശ്രമിക്കുകയത്രേ!

പാടുക സര്‍വാത്മനാ ജീവിതത്തിനെ സ്നേഹി-
ച്ചീടുവാന്‍ പഠിച്ചോരീ  നമ്മുടെ ചിത്താമോദം
ശുഭ്രമാം തുകില്ത്തുമ്പില്‍ പൊതിഞ്ഞു സൂക്ഷിക്കുമീ-
യപ്സരോവധു തിരുവാതിര തിരിക്കവേ.

നാളെ നാം നാനാതരം വേലയെക്കാട്ടും പകല്‍ -
വേളയില്‍ ക്ഷീണിച്ചോര്‍മ്മിച്ചന്തരാ ലജ്ജിക്കുമോ?
എന്തിനു? മര്‍ത്യായുസ്സില്‍ സാരമായതു ചില
മുന്തിയ സന്ദര്‍ഭങ്ങള്‍, അല്ല മാത്രകള്‍ മാത്രം.

ആയതില്‍ ചിലതിപ്പോള്‍ ആടുമീ ഊഞ്ഞാലെണ്ണീ
നീയൊരു പാട്ടും കൂടി പാടിനിര്‍ത്തുക പോകാം."

-- 'ഊഞ്ഞാലില്‍'  : വൈലോപ്പിള്ളി --