Saturday 30 June 2012

സര്‍ഗാത്മകത



വസ്തു സാക്ഷാത്കാരത്തിന്, ഉള്‍ക്കാഴ്ച്ചയ്ക്ക്, അടിസ്ഥാനം എന്ത്?
 
ലോകം കാണുകയും ശാസ്ത്രം പഠിക്കുകയും അന്യരുടെ കലാ സൃഷ്ടികള്‍ ആസ്വദിക്കുകയും അഭ്യസിക്കുകയും ആണോ? ഇവ ഓരോന്നും കലാ ജീവിതത്തെ പുഷ്ടിപ്പെടുത്തുമെങ്കിലും അതിന്റെ നിയാമാകമായ ശക്തി ഇവയല്ല. എല്ലാ പര്യടനപ്രിയരും പണ്ഡിതന്മാരും ഗ്രന്ഥ പാരായണക്കാരും കലാകാരന്മാരായിട്ട് നാം കാണാറില്ല. സാക്ഷാല്‍ക്കാരത്തിന്റെ ശരിയായ അടിസ്ഥാനം ശക്തിയാണെന്നു മമ്മടഭട്ടനും പ്രതിഭയാണെന്ന് ജഗന്നാഥ പണ്ഡിതരാജനും ജീനിയസ് ആണെന്ന് ഹെര്‍ബര്‍ട്ട് റീഡും പറയുന്നു. കാട്ടാളന്‍ (വാല്മീകി) ആദികാവ്യം സൃഷ്ടിക്കുകയും കുരുടന്‍ (മില്‍ട്ടന്‍) ഇതിഹാസങ്ങള്‍ രചിക്കുകയും ചെകിടന്‍ (ബീഥോവന്‍) വിമോഹനഗാനങ്ങള്‍ ആലപിക്കുകയും ചെയ്ത കഥകള്‍  വായിക്കുമ്പോള്‍ നാം മമ്മടാദികളെ വിശ്വസിച്ചു പോകുന്നു.

നിഗൂഡവും നിസ്സര്‍ഗസിദ്ധവും നിര്‍മ്മാണത്വരമാണവുമായ ഒരു കിഴിവിനെയാണ് അവര്‍ ശക്തി മുതലായ പദങ്ങളാല്‍ ഉന്നം വെയ്ക്കുന്നത്. ഒരു കാവ്യം രചിക്കുകയാണെങ്കില്‍, കവിയുടെ ഉള്ളിലുള്ള വസ്തുവിഷയകമായ ഭാവത്തെ ഏറ്റവും സമഞ്ജസമായി ഉന്മീലനം ചെയ്യത്തക്കവണ്ണം അതിലെ പദങ്ങളും വൃത്താലങ്കാരാദികളും യോജിച്ചു പ്രവര്‍ത്തിക്കുവാന്‍ വെറും ലോകാവലോകനമോ ശാസ്ത്ര പാണ്ഡിത്യമോ കാവ്യാനുശീലനമോ രചനാഭ്യാസമോ ഇവയുടെ ഒത്തൊരുമയോ ഉണ്ടായാല്‍ പോരാ മറ്റൊന്ന് കൂടി വേണം. അതുണ്ടായാല്‍ കാവ്യഘടനയ്ക്കനുകൂലമായ നിലയില്‍ ശബ്ദാര്‍ത്ഥങ്ങള്‍ ഉപസ്ഥിതി ചെയ്തുകൊള്ളും. ഇല്ലെങ്കില്‍ കവിതയുടെ സാമ്രാജ്യത്തില്‍ അര്‍ത്ഥനാശമായിരിക്കും ഫലം.

കാവ്യവൃത്തത്തെ നിര്‍മ്മിക്കുന്നത് കവിയുടെ പ്രതിഭയാകുന്ന കേന്ദ്രവും ദര്‍ശനമാകുന്ന പരിധിയുമാണ്; അതിനുള്ളിലുള്ള പദ-വാക്യ-ചഛന്ദസ്സ് - അലങ്കാരാദികളുടെ കൊച്ചു 'ചതുരത'കളല്ല. പ്രതിഭയും ദര്‍ശനവുമില്ലാത്ത കവി ഉറവും ഒഴുക്കുമില്ലാത്ത നദി പോലെ ദയനീയനാകുന്നു.

'ദര്‍ശനവും ആവിഷ്കരണവും' എന്ന വിഷയത്തില്‍ സുകുമാര്‍ അഴീക്കോട് ('ആശാന്റെ സീതാകാവ്യം')