Wednesday 13 March 2013

മഖന്‍ സിംഗിന്റെ മരണം

കാറ്റ് മൂളിക്കൊണ്ട് വീശുന്നുണ്ടായിരുന്നു. മഖന്‍ സിംഗിന്റെ ഓര്‍മ്മയില്‍ ചൂടുള്ള നീരുറവ തിളച്ചു പൊങ്ങി.
ചെറിയൊരു കുന്ന് നിഴല്‍ വീണു ഇരുണ്ടു കാണപ്പെട്ടു.
അകലെയുള്ള മറ്റൊരു കുന്ന് വെയിലില്‍ അനങ്ങുന്നത് പോലെയും തോന്നി.
കുന്നുകള്‍ക്ക് ജീവനുണ്ടോ?
കുന്നുകള്‍ മരിക്കുമോ?   
പഞ്ചാബില്‍ മനുഷ്യരെ കൊന്നിരുന്നു. ബച്ചന്‍സിംഗ് പറഞ്ഞു, അച്ഛനെ തറിച്ചുതറിച്ചാണ് കൊന്നതെന്ന്. ഈ ബാസ്സിലുള്ളവരെ മുഴുവന്‍ ഞാനും അങ്ങനെ കൊല്ലട്ടെ? ഓ നെഞ്ചു വേദനിക്കുന്നു. ശ്വാസം മുട്ടുന്നത് പോലെ. ബസ്സ്‌ മറിഞ്ഞു വീഴുമോ?...
വീണാല്‍പ്പിന്നെ.. മാധോപ്പൂരില്‍ നിന്നും... രാത്രി എല്ലാവരെയും കുറുക്കന്‍ വലിച്ചു കൊണ്ട് പോകും. ബസ്സ്‌ വീഴില്ല ആകാശത്തില്‍ തങ്ങി നില്‍ക്കുകയാണ് ചെയ്യുക. എന്നിട്ട് ഞാന്‍ ചോദിക്കും - പഞ്ചാബില്‍ നിന്നും വരുന്നവരെ വിശ്വസിക്കാന്‍ കൊള്ളില്ലേ ?
എനിക്ക് വേദനിക്കുന്നു. ഞാന്‍ മരിച്ചുപോകുമെന്ന്..



ലാഹോറില്‍ പോകും. ഞാന്‍ പ്രീതമിനെയും കൂട്ടി ലാഹോറില്‍ പൊയിരുന്നു.. പക്ഷെ..
എനിക്ക് വേദനിക്കുന്നു..              
ഇന്നുച്ചയ്ക്കാണെത്തുക. പക്ഷെ ഞാന്‍ എത്തുകയില്ല. ഡല്‍ഹിയില്‍ എന്റെ ആദ്യത്തെ ഒരാളെയും കാണുകയില്ല. കയ്യില്‍ തഴമ്പു ണ്ടെന്നു പറഞ്ഞു ഞാന്‍ മരിച്ചാല്‍ ലാഹോറില്‍ ഗോതമ്പ് വിളഞ്ഞു നില്‍ക്കുന്നുണ്ടാകും. എനിക്ക് വേണ്ടി ആരെങ്കിലും ഒരിക്കല്‍ ചെറുപ്പത്തില്‍....

തണുക്കുന്നു വല്ലാതെ തണുക്കുന്നു. ഈ കൊര്‍ഡ്രോയ് ട്രൌസര്‍ ലാഹോറില്‍ നിന്ന്...
'ടണല്‍' സമീപിക്കുകയായിരുന്നു.
മഖന്‍ സിംഗിന്റെ ഓര്‍മ്മകള്‍ നിലച്ചു. അയാള്‍ക്ക്‌ വലിയ ക്ഷീണം തോന്നി. ഒരു പ്രവാഹത്തില്‍ പെട്ട് ഒളിച്ചു പോകുകയായിരുന്നു. കാവല്‍ക്കാരന്റെ സിഗ്നലിനു കാത്തുനില്‍ക്കാതെ ബസ്സ്‌ തുരങ്കത്തിലൂടെ കടന്നു പോയി.

മഖന്‍ സിംഗിന് ശ്വാസം മുട്ടി. ഇരുട്ടില്‍ മങ്ങിക്കത്തിയിരുന്ന വിളക്കുകള്‍ വേറെ ഏതോ ലോകത്തിലെ നക്ഷത്രങ്ങളായിരുന്നു.
ബസ്സ്‌ തുരങ്കം കടന്ന ഉടനെ പതുക്കെ നില്‍ക്കുകയും  വാതില്‍ തുറന്നു അയാള്‍ പുറത്തേക്ക് വീഴുകയും ചെയ്തു.
സുന്ദരമായ കാശ്മീര്‍ താഴ്വരയില്‍ വെളിച്ചം ഓളം വെട്ടുകയായിരുന്നു.           

'മഖന്‍ സിംഗിന്റെ മരണം' - ടി പദ്മനാഭന്‍       

Friday 8 March 2013

അവള്‍

പെണ്ണാണ്,
പോരാത്തതിന് പണവുമില്ല.
കൂലിപ്പണിയെടുത്തും തെരുവില്‍ തുച്ഛ ലാഭത്തിനു സാമാനങ്ങള്‍ വിറ്റും
അനുദിനം 'ഉദാര'മായിക്കൊണ്ടിരിക്കുന്ന ബഹുസ്വര സമൂഹത്തില്‍
അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഇവരുടെ പ്രധാന അജണ്ട അന്നന്നത്തെ അന്നം തന്നെ.
ചാനല്‍ വര്‍ത്തമാനങ്ങളില്‍ ജ്വലിക്കാന്‍ ഇവര്‍ക്ക് അറിയില്ല.
ആര്യ കൂവിയതോ നിര്‍ഭയ പൊലിഞ്ഞു പോയതോ കോടതിയുടെ 'വിശാഖ' ഉത്തരവുകളോ
ഒന്നും ഇവരെ ബാധിക്കുന്ന വിഷയമേ അല്ല.

'സ്വതന്ത്ര'യായിട്ടും 'സുരക്ഷിത'യല്ലാതായ,
'നിര്‍ഭയ'യായിട്ടും  'നിസ്സഹായ'യാകുന്ന
അവള്‍ക്കുള്ള  നെടുവീര്‍പ്പുകളുമായി
വീണ്ടുമൊരു 'വനിതാദിനം'

ആധുനികരെന്നു അവകാശപ്പെടുമ്പോഴും ഇന്നും നമുക്കിടയില്‍ 
മതവും കുടുംബവും സദാചാരവും ചാരിത്ര്യവും
എല്ലാം അവള്‍ക്കെതിരെ തരാതരം ഉപയോഗിക്കാനുള്ള

ആയുധങ്ങള്‍ മാത്രം