Thursday, 20 October 2011

കാക്കനാടന് *

---- ഒടുവില്‍ ലഹരി മാഞ്ഞപ്പോള്‍ മുറുകെ പിടിച്ചിരുന്ന കൈകള്‍ അയഞ്ഞപ്പോള്‍ അവള്‍ പിടഞ്ഞെഴുന്നേറ്റു. അവള്‍ സംതൃപ്തിയുടെ മന്ദഹാസത്തോടെ പറഞ്ഞു - "നന്ദി"

എനിക്ക് ചിരി വന്നു. അവള്‍ വസ്ത്രങ്ങള്‍ ധരിക്കുക ആയിരുന്നു. ഞാനുമെണീറ്റ് വസ്ത്രങ്ങള്‍ ധരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഇവള്‍ ഒരു സാധാരണ സ്ത്രീ ആയിട്ടുണ്ടാകും. ഞാന്‍ സന്തോഷിച്ചു. കിടക്കയിലിരുന്നു കമ്പിളി സോക്ക്സ് കാലില്‍ വലിച്ചു കയറ്റവേ ഞാന്‍ പറഞ്ഞു:

"നീ സുന്ദരിയാണ്; നിന്നെ ഞാന്‍ മറക്കില്ല"
അവള്‍ മറുപടിയൊന്നും പറഞ്ഞില്ല. അമ്പടി തോറ്റിരിക്കുന്നു അല്ലേ? എന്നിട്ടും തോല്‍വി സമ്മതിക്കാന്‍ വയ്യ അതല്ലേ മിണ്ടാതിരിക്കുന്നത്?

അവളുടെ നിശബ്ദത തന്ന ധൈര്യത്തില്‍ ഞാന്‍ ചോദിച്ചു:
"നിന്റെ പേരെന്താ?"
എന്നില്‍ അത്ഭുതം സൃഷ്ഠിക്കുമാറ് സ്വരം കടുപ്പിച്ച് അവള്‍ പറഞ്ഞു:
"അത് പ്രധാനമല്ല"

അമ്പരപ്പ് ഒളിപ്പിച്ചു വെച്ച ഞാന്‍ ചിരിച്ചു. തുടര്‍ന്നു ചോദിച്ചു:
" എന്റെ പേര് അറിയണമെന്നില്ലേ? "
"വേണ്ട" അവളുടെ ശബ്ദം കുറെക്കൂടെ കടുത്തു. "അതും പ്രധാനമല്ല. നിങ്ങള്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുന്നു. നിങ്ങള്‍ എന്നെ 'നീ' എന്നു സംബോധന ചെയ്തത് തെറ്റാണ്" അവളുടെ ശബ്ദത്തിന്റെ കാഠിന്യവും വ്യാപ്തിയും ഏറിക്കൊണ്ടിരുന്നു.

അവള്‍ തുടര്‍ന്നു " ഞാന്‍ നിങളുടെ സ്നേഹിത അല്ല, നീയെന്നു വിളിക്കുന്നത് കൂട്ടുകാരെയാണ്"
ആ വാക്കുകള്‍ എന്നെ അമ്പരപ്പിച്ചു. നീയെന്ന സംബോധന ജര്‍മ്മനിയില്‍ അടുപ്പത്തെ കാണിക്കുന്നതാണ് . ഇതില്‍ കവിഞ്ഞ അടുപ്പമുണ്ടോ?

ഞാന്‍ അമ്പരന്നു നിന്നപ്പോള്‍് അവള്‍ ശബ്ദമുയര്‍ത്തി തുടര്‍ന്നു: "ഇത് ഭ്രാന്താണ്, നമ്മള്‍ ഈ കാട്ടിക്കൂട്ടിയത്. ഞാന്‍ ഭ്രാന്തി ആയത്കൊണ്ടാണ് നിങ്ങളെയിങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നത് . ഇത് ഭ്രാന്താണ്, പാപമാണ്, നിങ്ങള്‍ക്ക് വേണ്ടത് കിട്ടിയില്ലേ? ഇനി പോകരുതോ?"

അപ്പൊളേക്ക് അവളുടെ ശബ്ദം ഏതാണ്ട് അലര്‍ച്ചയൊടടുത്തിരുന്നു. അവളുടെ കഴുത്തിലെ ഞരമ്പുകള്‍ തുറിച്ചു. കണ്ണുകളില്‍ കോപം കിടന്നു തിളച്ചു.

ഞാന്‍ പരിഭ്രമിച്ച് എഴുന്നേറ്റു.
അവള്‍ സ്വീകരണ മുറിയിലേക്ക് കടന്നു ലൈറ്റിട്ടു. വാര്‍ഡ്രോബ് തുറന്നു എന്റെ ഓവര്‍കോട്ട് എടുത്ത് അവള്‍ അത് എന്റെ നേരെ എറിഞ്ഞു തന്നു. "പോകാന്‍ പറഞ്ഞില്ലേ, കടക്ക് പുറത്ത്" അവള്‍ അലറി.

ഞാന്‍ ഓവര്‍കോട്ടിടുമ്പോഴും അവള്‍ ഉച്ചത്തില്‍ ശപിച്ച്കൊണ്ടിരുന്നു. ഞാന്‍ പുറത്തിറങ്ങിയ നിമിഷത്തില്‍ അവള്‍ വാതില്‍ കൊട്ടിയടച്ച് തഴുതിട്ടു. പരിഭ്രാന്തിയോടെ ഞാന്‍ ഇറങ്ങി നടന്നു. ഡിസംബറിലെ മഞ്ഞില്‍ രാത്രിയുടെ ഇരുട്ടില്‍ നഗരം ചത്തു മരവിച്ചു കിടന്നു. ---
(
ഭ്രാന്ത് : കാക്കനാടന്‍ )

*പുതിയ ഭാവുകത്വത്തില്‍ എഴുതാന്‍ മലയാളിയെ ശീലിപ്പിച്ചതിനു, ഭ്രാന്തുകളുടെ കുളിര്‍മക്ക്

Wednesday, 27 April 2011

എന്ത് നിന്‍ ഗന്ധം

"നിന്നെ തിരയുമെന്‍ ദൂതനാം കാറ്റിനോടെന്തേ
നിന്‍ ഗന്ധമെന്നോതിടേണ്ടൂ?"
~ ഒ എന്‍ വി ~

Monday, 25 October 2010

സൗന്ദര്യ ലഹരി

"ധനു:പൌഷ്പം മാര്‍വീ മധുകരമയീ പഞ്ചവിശിഖാ
വസന്തസ്സാമന്തോ മലയമാരുതായോധനരധഃ
തധാപ്യേകസ്സര്‍വ്വം  ഹിമഗിരി സുതേ! കാമപി കൃപാ-
മപാംഗാത്തേ ലബ്ധ്വാ ജഗദിദമനംഗോ വിജയതേ"

ശങ്കരാചാര്യരുടെ 'സൗന്ദര്യ ലഹരി' യിലെ 'വിഷയ' വ്യാപ്തിക്കു ആശാന്റെ തര്‍ജ്ജമ ഇങ്ങനെ:

"ഒക്കെ പൂവാണ് വില്ലും, ശരമത് വെറുമ-
ഞ്ചാണു, വണ്ടാണ്‌ ഞാണും
തെക്കന്‍ കാറ്റാണ് തേരും, സുരഭിസമയമൊ-
ന്നാണ് കാണും സുഹൃത്തും
നിൽക്കട്ടേകാകിയാണെങ്കിലുമയി ഗിരിജേ
നിന്‍ കടാക്ഷത്തിലേതോ
കയ്ക്കൊണ്ടും കൊണ്ടനംഗന്‍ ഭുവനമഖിലവും
നിന്ന് വെല്ലുന്നുവല്ലോ"

Thursday, 21 October 2010

പുരുഷ വീര്യം

ഉണര്‍ന്നു അഗ്നി പോലെ ആളിപ്പടരുന്ന സ്ത്രീക്ക് മുന്‍പില്‍ ഒരു പുരുഷനും ശക്തനല്ല!

ക്ളിയോപാട്ര അങ്ങനെ ആയിരുന്നു. സീസറെയും ആന്റണിയെയും തന്റെ ശയന മുറിയില്‍ മുട്ടുകാലില്‍ ഇഴയിച്ചവള്‍ , ഒരു രാജ്യത്തിന്റെ സിംഹാസനം കയ്യാണ്ടവൾ, തന്നെ മോഹിച്ച പ്രഭുക്കന്മാരെ വെല്ലുവിളിച്ചവള്‍
"ഒരു രാത്രി നിങ്ങൾക്ക് വേണ്ടി ചെലവിടാം, നിങ്ങളെ നൂറു പേരെയും ഒരുമിച്ചു തൃപ്തിപ്പെടുത്താം - പക്ഷെ വ്യവസ്ഥകള്‍ ഉണ്ട്. കൊട്ടാരത്തിലെ ദര്‍ബാര്‍ ഹാളില്‍ നിരത്തിയിട്ടിരിക്കുന്ന മേശകളുടെ മുകളില്‍ നൂറു പേരും നഗ്നരായി നിരന്നു നില്‍ക്കണം."

പ്രഭുക്കന്മാര്‍ക്ക് സമ്മതം.

പ്രഭുക്കന്മാര്‍ നിരന്നു നിന്ന ഹാളിലേക്ക് ക്ളിയോപാട്ര സര്‍വാഭരണ വിഭൂഷിതയായി നടന്നെത്തി, വെഞ്ചാമരം വീശി തോഴിമാരും.

ക്ളിയോപാട്ര ആഭരണങ്ങളും വസ്ത്രങ്ങളും ഒന്നൊന്നായി അഴിച്ചു നഗ്നയായി. അവള്‍ അവരുടെ അടുത്തേക്ക് നടന്നടുത്തു. പ്രഭുക്കന്മാര്‍ പ്രകമ്പിതരായി. നൂറു പേരുടെയും വീര്യം കെടുത്താന്‍ ക്ളിയോപാട്രക്ക് നൂറു മിനുറ്റ് കഷ്ടിച്ചേ വേണ്ടി വന്നുള്ളൂ.

അപമാനിക്കപ്പെട്ട ദുര്‍ബലരായ പ്രഭുക്കന്മാര്‍ പ്രതികാരം ചെയ്തു. സര്‍പ്പത്തെ കൊണ്ട് കൊത്തി മരിച്ച ക്ളിയോപാട്രയുടെ മൃതദേഹം അന്നത്തെ ആചാര പ്രകാരം മൂന്നു ദിവസം അവര്‍ കാത്തു സൂക്ഷിച്ചു. ആ മൂന്നു ദിവസവും ആ മൃതദേഹത്തെ അവര്‍ മാറി മാറി പ്രാപിച്ചു. ശവത്തെ പ്രാപിച്ച് അവര്‍ തൃപ്തിയടഞ്ഞു. തങ്ങളുടെ ശക്തി തെളിയിച്ചു.

അശക്തനായ പുരുഷന്റെ വിചിത്രമായ ചരിത്രം!

Saturday, 9 October 2010

എന്റെ ചരിത്രം

"ഇതാ കിരീടം
നാം കീഴടങ്ങിയിരിക്കുന്നു
യശ പ്രാര്‍ഥിയല്ലാത്ത ഒരുവന്
ഇതല്ലാതെ മറ്റൊന്നിനുമാവില്ല
ഒരു തിരി കത്തി വെച്ച് പോകുന്നു
വെടി മരുന്നുപുരയുടെ താക്കോല്‍
ഞാന്‍ സൂക്ഷിക്കും

ഒരശ്വം പോലും ഇല്ലാത്ത
യാത്ര
നിന്റെ സൂര്യ രഥം
ഞാന്‍ വരും വരെ തകരരുത്
പതനങ്ങളെനിക്ക് കാണണം .

നിന്റെ രാജ്ഞി
ഗണികയാകുമെന്നും
കിരീടം ഭിക്ഷാപാത്രമാകുമെന്നു
പ്രവാചകന്‍

വിഷം പുരട്ടിയ വാളു കൊണ്ട്
നീ നടത്തിയ പോരാട്ടം
ഞാനറിഞ്ഞു

ഞാന്‍ തീയില്‍ നിന്നൊരു തിരി
വെടിമരുന്നുപുരയിലേക്കെറിയും
നീ
യുദ്ധഭൂമിയില്‍
പോരാളികളുടെ ചാരത്തില്‍
ചെന്തെങ്ങുകള്‍ നടുക

എന്റെ മുതുകിലാണ് മുറിവ്
ഞാന്‍ പരിച തെറിച്ചു പോയ
പരാജിതന്‍
എനിക്കുമുണ്ടൊരു
ചരിത്രം...!!!"

-- 'മുതുകിലാണ് മുറിവ്' : കടമ്മനിട്ട --

Friday, 24 September 2010

നീ വരുന്ന കാര്യം

നീ വരുന്ന കാര്യം
നീ പറഞ്ഞില്ലെങ്കിലും
മഞ്ഞു തുള്ളികള്‍ കുടഞ്ഞു കളഞ്ഞ
ഈ ഇലഞ്ഞി
അത് നേരത്തെ പറഞ്ഞു
-- പ്രണയ ശതകം : ടി പി രാജീവന്‍ --

Wednesday, 8 September 2010

പെണ്ണാട്


"തള്ളയാടിനു സംഭ്രമം അയ്യോ
താന്‍ എതുടലിനു തുണ നില്‍ക്കും
അതോടുമങ്ങോട്ടതോടും ഇങ്ങോ-
ട്ടാപീനസ്തനമകിടുലയെ

ആടിനെ, അരചനെ, ഇടയനെ നീ
പെണ്ണാടേ പെറ്റൂ പല പേരേ
നേടിയതെന്തപവര്‍ഗമിതേ വരെ
നെടുതാം വീര്‍പ്പുകളല്ലാതെ"

~ 'ബിംബിസാരന്റെ ഇടയന്‍' : ഇടശ്ശേരി ~

Sunday, 5 September 2010

ലാസ്യം

"താളം നിരനിരയായിയിട്ടിട്ടു തങ്ങീ
താമരത്താളുകള്‍ പോല്‍ തത്തീ ലയ ഭംഗി"

Thursday, 12 August 2010

വിശ്രമിക്കുവതെങ്ങു നാം ?

"വീണ വായിപ്പതെങ്ങനെയോമനെ
പാണി യിങ്കല്‍ വിലങ്ങു കിലുങ്ങവേ
പാട്ട് പാടുവതെങ്ങനെ ചുറ്റിലും
തോക്കുകള്‍ അട്ടഹാസം പോഴിക്കവേ
നൃത്തം ആടുവതെങ്ങനെ വേദിയില്‍
രക്ത ധാര തലം കെട്ടി നില്‍ക്കവേ
ചുംബനം ചെയവതെങ്ങനെ ചുണ്ടിനാല്‍
ചുണ്ടിണയിന്നെര്ഞ്ഞു കരിയവേ
വിശ്രമിക്കുവതെങ്ങു നാമമ്മതന്‍
അശ്രു വീണീ മണല്‍ കുതിര്‍ന്നീടവേ"
-- പി ഭാസ്കരന്‍ --

Wednesday, 11 August 2010

മൂന്നാമതൊരാള്‍

"അച്ഛാ"
"പറഞ്ഞോളു"
"നാളല്ലേ നമ്മള്‍ മടങ്ങാ"
"നാളെ ഊണ് കഴിഞ്ഞിട്ട്"
"മടങ്ങുമ്പൊഴെ, ത്രിശൂരിന്നു എനിക്കൊരു തോക്ക് വാങ്ങി തരണം ട്ടോ"
"തരാം"
"ഓ തരാം. ന്നിട്ട് ത്രിശൂരെത്യാല്‍ അച്ഛന്‍ പറയും, സമയല്യ ഉണ്ണി പിന്നെ ആവാം ന്നു, അങ്ങനെ പറഞ്ഞാ നാളെ ഞാന്‍ കാണിച്ചു തരാം"

തണുത്തും ചീര്‍ത്തും കിടക്കുന്ന ഇരുട്ടില്‍ ചവിട്ടി ഞങ്ങള്‍ നടന്നു.
അങ്ങനെ നടന്നു കൊണ്ടിരിക്കുമ്പോള്‍ ഒരു കാല്‍പ്പെരുമാറ്റം പിന്നില്‍ കേള്‍ക്കുന്നതായി എനിക്ക് തോന്നി. വഴിയിലെ പൊടിമണലിൽ ചെരിപ്പ് ഉരയുന്ന പോലെ. ഞങ്ങളോടൊപ്പം ആ ശബ്ദം നടക്കുന്ന പോലെ.

പിന്നാക്കം നോക്കി ഇരുട്ടിനോട് ഞാന്‍ ചോദിച്ചു:
"ആരാ അത്?"
മറുപടിയൊന്നും കേട്ടില്ല.
എന്നാലും ഒരു മൂന്നാമന്‍ ഞങ്ങളുടെ കൂടെ നടക്കുന്നുണ്ടെന്ന് തോന്നി.

രണ്ടു വർഷം മുന്‍പത്തെ ഒരു തിരിച്ചു പോക്ക്, അന്ന് ഞങ്ങള്‍ മൂന്നു പേരുണ്ടായിരുന്നു.
അന്നും ഉണ്ണി ശാഠ്യം പിടിച്ചു:
"വെള്ളത്തിലോടുന്ന ഒരു ബോട്ട്"
പാലക്കാടന്‍ ബസ്സു പിടിക്കാനുള്ള ധൃതിയിലായിരുന്ന ഞാന്‍ അവനോട് അന്ന് ദേഷ്യപ്പെട്ടു.
അപ്പോള്‍ മൂന്നാമത്തെ ആള്‍ പറഞ്ഞു:
"അവനു എന്താച്ചാ വാങ്ങിക്കൊടുക്കു ഏട്ടാ. ന്നിട്ട് ബസ്സ് നോക്ക്യാ പോരെ. ന്തിനാത്ര്യ ധൃതി?"
അന്നേരം ഞാന്‍ ഉണര്‍ന്നു. ഇന്നു പൊടിമണലിൽ കാലുരയുന്ന ശബ്ദം പിന്തുടരുമ്പോള്‍ വീണ്ടും ഉണരുന്നു.
ഞാന്‍ ഉണ്ണിയെ ഒന്നുകൂടി ചേര്‍ത്ത് പിടിച്ചു കൊണ്ട് പറഞ്ഞു:
"നാളെ ത്രിശൂരുന്നു തോക്ക് വാങ്ങിത്തരാട്ടോ."
പിന്നെയും ഓരോന്ന് വിചാരിച്ചു കൊണ്ട് ഞങ്ങള്‍ നടന്നു.

******************************************************

"നാളെ എന്നേം ഉണ്ണിയേം നേരത്തെ വിളിക്കണം ട്ടോ അമ്മെ"
"അത്ര നേരത്തെ മടങ്ങണോ?"
"മടങ്ങാനല്ല. അമ്പലത്തില് കുളിച്ചു തൊഴാനാ"

അമ്മ ഇത്തിരി നേരത്തേക്ക് എന്നെത്തന്നെ നോക്കിയിരുന്നു. എന്തോ പറയാന്‍ ഭാവിച്ചതായിരുന്നു. അതെന്തായിരുന്നു എന്ന് അമ്പലത്തില്‍ പോവാന്‍ തിടുക്കം കാണിക്കാത്ത എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ.
പക്ഷെ അമ്മ ഒന്നും പറഞ്ഞില്ല. അമ്മയുടെ നോട്ടം മെല്ലെ താണു. പറയാന്‍ വന്ന വാക്കുകള്‍ അമ്മയുടെ തൊണ്ടയിലൂടെ താഴോട്ടിറങ്ങുന്നത് ഞാന്‍ കണ്ടു.
അമ്മ പോരുളറിഞ്ഞു.
അമ്മയുടെ കണ്ണില്‍ വെള്ളം കിനിഞ്ഞു.

തെക്കിനിയില്‍ ഉറങ്ങിക്കഴിഞ്ഞിരുന്ന ഉണ്ണി ഉറക്കത്തിലെന്തോ പറഞ്ഞു.
ഞാന്‍ പഴയപോലെ പത്തായപ്പുരയിലെക്ക് പോയി.
പുരാതനമായൊരു മണം അവിടെ നിറഞ്ഞിരുന്നു. മാറാല കെട്ടിയ തട്ടില്‍ കാലം തല കീഴായി തൂങ്ങിക്കിടന്നു.

ആരും വിളിക്കാതെ തന്നെ അതി രാവിലെ ഞാനുണര്‍ന്നു. ഒരു ഉള്‍വിളി കേട്ടിട്ടെന്ന പോലെ ഉണ്ണിയും ഉണര്‍ന്നു.
ഞങ്ങള്‍ അമ്പലക്കുളത്തില്‍ കുളിച്ചു. ഈറനോടെ സന്നിധിയില്‍ ചെന്നു.
ഭഗവതി എന്നെ തന്നെ നോക്കിക്കൊണ്ടിരുന്നു.
"ഭഗോതി, അടിയനും കുട്ടിയും വന്നിരിക്കുന്നു"
ഇന്നു ചോതിയാണ്.

"ഉണ്ണീ നല്ലോണംതൊഴണം ട്ടോ"
ഉണ്ണി കണ്ണടച്ചു കൈകൂപ്പുന്നു.
എനിക്ക് അപേക്ഷിക്കാനെന്താനുള്ളത്?
ഭഗോതി ഇമ വെട്ടാതെ എന്നെത്തന്നെ നോക്കുകയാണ്.
ഞാന്‍ വിളിച്ചു
"ഭഗോതീ........"
വീണ്ടും വിളിച്ചു:
""എന്റെ അമ്മെ......."
അമ്മയ്ക്കെല്ലാം മനസ്സിലാകുമല്ലോ
മുഴുമിക്കാത്ത ആ അപേക്ഷയില്‍ എന്റെ എല്ലാ അപെക്ഷയുമുണ്ടായിരുന്നു.
ഭഗോതി എന്റെ അപേക്ഷയറിഞ്ഞു കണ്ണടച്ചു.

അമ്പലത്തില്‍ നിന്ന് മടങ്ങുമ്പോള്‍ പിന്നില്‍ പോടിമണലില്‍ കാലുരയുന്ന ശബ്ദം.
ഞാന്‍ ഉണ്ണിയോട് പറഞ്ഞു.
"തൃശൂര് നിന്ന് നിനക്കിഷ്ടമുള്ളതൊക്കെ വാങ്ങിത്തരാട്ടോ"

'മൂന്നാമതൊരാള്‍ - മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി