Monday, 25 October 2010

സൗന്ദര്യ ലഹരി

"ധനു:പൌഷ്പം മാര്‍വീ മധുകരമയീ പഞ്ചവിശിഖാ
വസന്തസ്സാമന്തോ മലയമാരുതായോധനരധഃ
തധാപ്യേകസ്സര്‍വ്വം  ഹിമഗിരി സുതേ! കാമപി കൃപാ-
മപാംഗാത്തേ ലബ്ധ്വാ ജഗദിദമനംഗോ വിജയതേ"

ശങ്കരാചാര്യരുടെ 'സൗന്ദര്യ ലഹരി' യിലെ 'വിഷയ' വ്യാപ്തിക്കു ആശാന്റെ തര്‍ജ്ജമ ഇങ്ങനെ:

"ഒക്കെ പൂവാണ് വില്ലും, ശരമത് വെറുമ-
ഞ്ചാണു, വണ്ടാണ്‌ ഞാണും
തെക്കന്‍ കാറ്റാണ് തേരും, സുരഭിസമയമൊ-
ന്നാണ് കാണും സുഹൃത്തും
നിൽക്കട്ടേകാകിയാണെങ്കിലുമയി ഗിരിജേ
നിന്‍ കടാക്ഷത്തിലേതോ
കയ്ക്കൊണ്ടും കൊണ്ടനംഗന്‍ ഭുവനമഖിലവും
നിന്ന് വെല്ലുന്നുവല്ലോ"

Thursday, 21 October 2010

പുരുഷ വീര്യം

ഉണര്‍ന്നു അഗ്നി പോലെ ആളിപ്പടരുന്ന സ്ത്രീക്ക് മുന്‍പില്‍ ഒരു പുരുഷനും ശക്തനല്ല!

ക്ളിയോപാട്ര അങ്ങനെ ആയിരുന്നു. സീസറെയും ആന്റണിയെയും തന്റെ ശയന മുറിയില്‍ മുട്ടുകാലില്‍ ഇഴയിച്ചവള്‍ , ഒരു രാജ്യത്തിന്റെ സിംഹാസനം കയ്യാണ്ടവൾ, തന്നെ മോഹിച്ച പ്രഭുക്കന്മാരെ വെല്ലുവിളിച്ചവള്‍
"ഒരു രാത്രി നിങ്ങൾക്ക് വേണ്ടി ചെലവിടാം, നിങ്ങളെ നൂറു പേരെയും ഒരുമിച്ചു തൃപ്തിപ്പെടുത്താം - പക്ഷെ വ്യവസ്ഥകള്‍ ഉണ്ട്. കൊട്ടാരത്തിലെ ദര്‍ബാര്‍ ഹാളില്‍ നിരത്തിയിട്ടിരിക്കുന്ന മേശകളുടെ മുകളില്‍ നൂറു പേരും നഗ്നരായി നിരന്നു നില്‍ക്കണം."

പ്രഭുക്കന്മാര്‍ക്ക് സമ്മതം.

പ്രഭുക്കന്മാര്‍ നിരന്നു നിന്ന ഹാളിലേക്ക് ക്ളിയോപാട്ര സര്‍വാഭരണ വിഭൂഷിതയായി നടന്നെത്തി, വെഞ്ചാമരം വീശി തോഴിമാരും.

ക്ളിയോപാട്ര ആഭരണങ്ങളും വസ്ത്രങ്ങളും ഒന്നൊന്നായി അഴിച്ചു നഗ്നയായി. അവള്‍ അവരുടെ അടുത്തേക്ക് നടന്നടുത്തു. പ്രഭുക്കന്മാര്‍ പ്രകമ്പിതരായി. നൂറു പേരുടെയും വീര്യം കെടുത്താന്‍ ക്ളിയോപാട്രക്ക് നൂറു മിനുറ്റ് കഷ്ടിച്ചേ വേണ്ടി വന്നുള്ളൂ.

അപമാനിക്കപ്പെട്ട ദുര്‍ബലരായ പ്രഭുക്കന്മാര്‍ പ്രതികാരം ചെയ്തു. സര്‍പ്പത്തെ കൊണ്ട് കൊത്തി മരിച്ച ക്ളിയോപാട്രയുടെ മൃതദേഹം അന്നത്തെ ആചാര പ്രകാരം മൂന്നു ദിവസം അവര്‍ കാത്തു സൂക്ഷിച്ചു. ആ മൂന്നു ദിവസവും ആ മൃതദേഹത്തെ അവര്‍ മാറി മാറി പ്രാപിച്ചു. ശവത്തെ പ്രാപിച്ച് അവര്‍ തൃപ്തിയടഞ്ഞു. തങ്ങളുടെ ശക്തി തെളിയിച്ചു.

അശക്തനായ പുരുഷന്റെ വിചിത്രമായ ചരിത്രം!

Saturday, 9 October 2010

എന്റെ ചരിത്രം

"ഇതാ കിരീടം
നാം കീഴടങ്ങിയിരിക്കുന്നു
യശ പ്രാര്‍ഥിയല്ലാത്ത ഒരുവന്
ഇതല്ലാതെ മറ്റൊന്നിനുമാവില്ല
ഒരു തിരി കത്തി വെച്ച് പോകുന്നു
വെടി മരുന്നുപുരയുടെ താക്കോല്‍
ഞാന്‍ സൂക്ഷിക്കും

ഒരശ്വം പോലും ഇല്ലാത്ത
യാത്ര
നിന്റെ സൂര്യ രഥം
ഞാന്‍ വരും വരെ തകരരുത്
പതനങ്ങളെനിക്ക് കാണണം .

നിന്റെ രാജ്ഞി
ഗണികയാകുമെന്നും
കിരീടം ഭിക്ഷാപാത്രമാകുമെന്നു
പ്രവാചകന്‍

വിഷം പുരട്ടിയ വാളു കൊണ്ട്
നീ നടത്തിയ പോരാട്ടം
ഞാനറിഞ്ഞു

ഞാന്‍ തീയില്‍ നിന്നൊരു തിരി
വെടിമരുന്നുപുരയിലേക്കെറിയും
നീ
യുദ്ധഭൂമിയില്‍
പോരാളികളുടെ ചാരത്തില്‍
ചെന്തെങ്ങുകള്‍ നടുക

എന്റെ മുതുകിലാണ് മുറിവ്
ഞാന്‍ പരിച തെറിച്ചു പോയ
പരാജിതന്‍
എനിക്കുമുണ്ടൊരു
ചരിത്രം...!!!"

-- 'മുതുകിലാണ് മുറിവ്' : കടമ്മനിട്ട --

Friday, 24 September 2010

നീ വരുന്ന കാര്യം

നീ വരുന്ന കാര്യം
നീ പറഞ്ഞില്ലെങ്കിലും
മഞ്ഞു തുള്ളികള്‍ കുടഞ്ഞു കളഞ്ഞ
ഈ ഇലഞ്ഞി
അത് നേരത്തെ പറഞ്ഞു
-- പ്രണയ ശതകം : ടി പി രാജീവന്‍ --

Wednesday, 8 September 2010

പെണ്ണാട്


"തള്ളയാടിനു സംഭ്രമം അയ്യോ
താന്‍ എതുടലിനു തുണ നില്‍ക്കും
അതോടുമങ്ങോട്ടതോടും ഇങ്ങോ-
ട്ടാപീനസ്തനമകിടുലയെ

ആടിനെ, അരചനെ, ഇടയനെ നീ
പെണ്ണാടേ പെറ്റൂ പല പേരേ
നേടിയതെന്തപവര്‍ഗമിതേ വരെ
നെടുതാം വീര്‍പ്പുകളല്ലാതെ"

~ 'ബിംബിസാരന്റെ ഇടയന്‍' : ഇടശ്ശേരി ~

Sunday, 5 September 2010

ലാസ്യം

"താളം നിരനിരയായിയിട്ടിട്ടു തങ്ങീ
താമരത്താളുകള്‍ പോല്‍ തത്തീ ലയ ഭംഗി"

Thursday, 12 August 2010

വിശ്രമിക്കുവതെങ്ങു നാം ?

"വീണ വായിപ്പതെങ്ങനെയോമനെ
പാണി യിങ്കല്‍ വിലങ്ങു കിലുങ്ങവേ
പാട്ട് പാടുവതെങ്ങനെ ചുറ്റിലും
തോക്കുകള്‍ അട്ടഹാസം പോഴിക്കവേ
നൃത്തം ആടുവതെങ്ങനെ വേദിയില്‍
രക്ത ധാര തലം കെട്ടി നില്‍ക്കവേ
ചുംബനം ചെയവതെങ്ങനെ ചുണ്ടിനാല്‍
ചുണ്ടിണയിന്നെര്ഞ്ഞു കരിയവേ
വിശ്രമിക്കുവതെങ്ങു നാമമ്മതന്‍
അശ്രു വീണീ മണല്‍ കുതിര്‍ന്നീടവേ"
-- പി ഭാസ്കരന്‍ --

Wednesday, 11 August 2010

മൂന്നാമതൊരാള്‍

"അച്ഛാ"
"പറഞ്ഞോളു"
"നാളല്ലേ നമ്മള്‍ മടങ്ങാ"
"നാളെ ഊണ് കഴിഞ്ഞിട്ട്"
"മടങ്ങുമ്പൊഴെ, ത്രിശൂരിന്നു എനിക്കൊരു തോക്ക് വാങ്ങി തരണം ട്ടോ"
"തരാം"
"ഓ തരാം. ന്നിട്ട് ത്രിശൂരെത്യാല്‍ അച്ഛന്‍ പറയും, സമയല്യ ഉണ്ണി പിന്നെ ആവാം ന്നു, അങ്ങനെ പറഞ്ഞാ നാളെ ഞാന്‍ കാണിച്ചു തരാം"

തണുത്തും ചീര്‍ത്തും കിടക്കുന്ന ഇരുട്ടില്‍ ചവിട്ടി ഞങ്ങള്‍ നടന്നു.
അങ്ങനെ നടന്നു കൊണ്ടിരിക്കുമ്പോള്‍ ഒരു കാല്‍പ്പെരുമാറ്റം പിന്നില്‍ കേള്‍ക്കുന്നതായി എനിക്ക് തോന്നി. വഴിയിലെ പൊടിമണലിൽ ചെരിപ്പ് ഉരയുന്ന പോലെ. ഞങ്ങളോടൊപ്പം ആ ശബ്ദം നടക്കുന്ന പോലെ.

പിന്നാക്കം നോക്കി ഇരുട്ടിനോട് ഞാന്‍ ചോദിച്ചു:
"ആരാ അത്?"
മറുപടിയൊന്നും കേട്ടില്ല.
എന്നാലും ഒരു മൂന്നാമന്‍ ഞങ്ങളുടെ കൂടെ നടക്കുന്നുണ്ടെന്ന് തോന്നി.

രണ്ടു വർഷം മുന്‍പത്തെ ഒരു തിരിച്ചു പോക്ക്, അന്ന് ഞങ്ങള്‍ മൂന്നു പേരുണ്ടായിരുന്നു.
അന്നും ഉണ്ണി ശാഠ്യം പിടിച്ചു:
"വെള്ളത്തിലോടുന്ന ഒരു ബോട്ട്"
പാലക്കാടന്‍ ബസ്സു പിടിക്കാനുള്ള ധൃതിയിലായിരുന്ന ഞാന്‍ അവനോട് അന്ന് ദേഷ്യപ്പെട്ടു.
അപ്പോള്‍ മൂന്നാമത്തെ ആള്‍ പറഞ്ഞു:
"അവനു എന്താച്ചാ വാങ്ങിക്കൊടുക്കു ഏട്ടാ. ന്നിട്ട് ബസ്സ് നോക്ക്യാ പോരെ. ന്തിനാത്ര്യ ധൃതി?"
അന്നേരം ഞാന്‍ ഉണര്‍ന്നു. ഇന്നു പൊടിമണലിൽ കാലുരയുന്ന ശബ്ദം പിന്തുടരുമ്പോള്‍ വീണ്ടും ഉണരുന്നു.
ഞാന്‍ ഉണ്ണിയെ ഒന്നുകൂടി ചേര്‍ത്ത് പിടിച്ചു കൊണ്ട് പറഞ്ഞു:
"നാളെ ത്രിശൂരുന്നു തോക്ക് വാങ്ങിത്തരാട്ടോ."
പിന്നെയും ഓരോന്ന് വിചാരിച്ചു കൊണ്ട് ഞങ്ങള്‍ നടന്നു.

******************************************************

"നാളെ എന്നേം ഉണ്ണിയേം നേരത്തെ വിളിക്കണം ട്ടോ അമ്മെ"
"അത്ര നേരത്തെ മടങ്ങണോ?"
"മടങ്ങാനല്ല. അമ്പലത്തില് കുളിച്ചു തൊഴാനാ"

അമ്മ ഇത്തിരി നേരത്തേക്ക് എന്നെത്തന്നെ നോക്കിയിരുന്നു. എന്തോ പറയാന്‍ ഭാവിച്ചതായിരുന്നു. അതെന്തായിരുന്നു എന്ന് അമ്പലത്തില്‍ പോവാന്‍ തിടുക്കം കാണിക്കാത്ത എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ.
പക്ഷെ അമ്മ ഒന്നും പറഞ്ഞില്ല. അമ്മയുടെ നോട്ടം മെല്ലെ താണു. പറയാന്‍ വന്ന വാക്കുകള്‍ അമ്മയുടെ തൊണ്ടയിലൂടെ താഴോട്ടിറങ്ങുന്നത് ഞാന്‍ കണ്ടു.
അമ്മ പോരുളറിഞ്ഞു.
അമ്മയുടെ കണ്ണില്‍ വെള്ളം കിനിഞ്ഞു.

തെക്കിനിയില്‍ ഉറങ്ങിക്കഴിഞ്ഞിരുന്ന ഉണ്ണി ഉറക്കത്തിലെന്തോ പറഞ്ഞു.
ഞാന്‍ പഴയപോലെ പത്തായപ്പുരയിലെക്ക് പോയി.
പുരാതനമായൊരു മണം അവിടെ നിറഞ്ഞിരുന്നു. മാറാല കെട്ടിയ തട്ടില്‍ കാലം തല കീഴായി തൂങ്ങിക്കിടന്നു.

ആരും വിളിക്കാതെ തന്നെ അതി രാവിലെ ഞാനുണര്‍ന്നു. ഒരു ഉള്‍വിളി കേട്ടിട്ടെന്ന പോലെ ഉണ്ണിയും ഉണര്‍ന്നു.
ഞങ്ങള്‍ അമ്പലക്കുളത്തില്‍ കുളിച്ചു. ഈറനോടെ സന്നിധിയില്‍ ചെന്നു.
ഭഗവതി എന്നെ തന്നെ നോക്കിക്കൊണ്ടിരുന്നു.
"ഭഗോതി, അടിയനും കുട്ടിയും വന്നിരിക്കുന്നു"
ഇന്നു ചോതിയാണ്.

"ഉണ്ണീ നല്ലോണംതൊഴണം ട്ടോ"
ഉണ്ണി കണ്ണടച്ചു കൈകൂപ്പുന്നു.
എനിക്ക് അപേക്ഷിക്കാനെന്താനുള്ളത്?
ഭഗോതി ഇമ വെട്ടാതെ എന്നെത്തന്നെ നോക്കുകയാണ്.
ഞാന്‍ വിളിച്ചു
"ഭഗോതീ........"
വീണ്ടും വിളിച്ചു:
""എന്റെ അമ്മെ......."
അമ്മയ്ക്കെല്ലാം മനസ്സിലാകുമല്ലോ
മുഴുമിക്കാത്ത ആ അപേക്ഷയില്‍ എന്റെ എല്ലാ അപെക്ഷയുമുണ്ടായിരുന്നു.
ഭഗോതി എന്റെ അപേക്ഷയറിഞ്ഞു കണ്ണടച്ചു.

അമ്പലത്തില്‍ നിന്ന് മടങ്ങുമ്പോള്‍ പിന്നില്‍ പോടിമണലില്‍ കാലുരയുന്ന ശബ്ദം.
ഞാന്‍ ഉണ്ണിയോട് പറഞ്ഞു.
"തൃശൂര് നിന്ന് നിനക്കിഷ്ടമുള്ളതൊക്കെ വാങ്ങിത്തരാട്ടോ"

'മൂന്നാമതൊരാള്‍ - മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി

Tuesday, 10 August 2010

ഭാരതം


"പെട്ടന്ന് കൊടുങ്കാറ്റു വന്നുടന്‍ നിലച്ചുപോയ്‌
കൃഷ്ണ തന്‍ പതനത്താല്‍ നിശബ്ദമായീ പഥം
പിന്നോട്ട് നോക്കീടാതെ നടന്നു കയറുമ്പോള്‍
എന്തിനോരാളെ കുറ്റം ചൊല്ലുന്നൂ യുധിഷ്ടിരന്‍

പാറകളിളകിക്കൊണ്ടൊരു കാട്ടുലയുന്നൂ
പാപപുണ്യങ്ങ്ള്ക്കിന്നു പക്കമേളങ്ങള്‍ തന്നെ
മുന്നോട്ടു മുന്നോടെട്ന്നു കിതച്ചു കയറുമ്പോള്‍
ജന്മത്തിനങ്ങെ തലയെഴുന്നു മുന്നില്‍ നില്‍പ്പൂ
പ്രൌഢമാ നിശബ്ദത തുളച്ചു തകര്‍ക്കുന്നൂ
കാടനാം ഒരു പക്ഷിമുഴക്കും കരച്ചിലാല്‍

സഹദേവനും മണ്ണിലമര്ന്നു വീണു പാവം
'സഹനൌ ഭുനക്തു' വെന്നെന്നുമേ ഭജിച്ചവന്‍
തന്റെ ഊഴവും വരുമുടനെ, മുന്പെത്രയോ
സന്ധിയില്‍ മുഖാമുഖം കണ്ടതാം മൃതി വരും

യാക്കുകള്‍ ,മിഥുന്‍ , കാട്ടുനായ്ക്കളും കലമ്പുന്നു
യാത്രയില്‍ നകുലനും നിശ്ചലം പതിക്കുന്നു
തിരകളിരുള്‍ ജനിമ്രുതികളിഹപര
ദുരിതം നരകവും സ്വര്‍ഗവുമോന്നായി വന്നെന്‍
ചേതന ജ്വലിക്കുന്നു തണുത്തു കുളിരുന്നു

ഒക്കെയുമൊരു മഞ്ഞ വര്‍ണ്ണമായി ഞാനെന്നോടു
ക്രുദ്ധനായി പ്രശാന്തനായി നിര്‍മ്മമാനായും കേട്ടീന്‍്ന്‍
"എന്തൊരു ധര്‍മ്മം, ഇതോ ധര്‍മ്മത്തിന്നാരോഹണം
എന്താണ് ജയം ഇതോ ജയത്തിന്‍ നിഷ്പന്ദത"
ഫല്‍ഗുനന്‍ മണ്‍്പാവയായ് മണ്ണിലെ പതിക്കുന്നൂ
ഗദ്ഗദ ആത്മാവായി ഭീമാനൊരു മാത്രയെ നിന്നൂ;

കാറിടഞ്ഞിടിവെട്ടി മഴ പെയ്തകലുന്നൂ
കാലമലലയോ സൃഷ്ടി സ്ഥിതിയും സംഹാരവും."

--- 'കിരീടി' : ഡി വിനയചന്ദ്രന്‍ ----

Sunday, 8 August 2010

പ്രണയം

ഒരിടത്ത് ഒരാള്‍ തന്‍റെ മനസ്വിനിയുടെ വാതിലില്‍ ചെന്ന് മുട്ടി.
അവള്‍ ചോദിച്ചു:
"ആരാണ്?"
അയാള്‍ പറഞ്ഞു:
"ഞാനാണ്"
"നമുക്ക് രണ്ടു പേര്‍ക്കും ഈ മുറിയില്‍ ഇടമില്ല" അവള്‍ പറഞ്ഞു.
വാതിലടഞ്ഞു.

വര്‍ഷങ്ങളുടെ ഏകാന്തവാസത്തിനും വിരഹത്തിനും ശേഷം അയാള്‍ വീണ്ടും വന്നു വാതിലില്‍ മുട്ടി. അവള്‍ ചോദിച്ചു:
"ആരാണ്?"
അയാള്‍ പറഞ്ഞു:
"ഇത് നീയാണ്"
അയാള്‍ക്ക്‌ വേണ്ടി വാതില്‍ തുറക്കപ്പെട്ടു.

~കടപ്പാട് : എസ്. ശാരദക്കുട്ടി (മാതൃഭുമി)~

Wednesday, 4 August 2010

തുടക്കം

"ആരു ഞാന്‍ നിന്നെയെന്‍്കുഞ്ഞേ ഗഹനമാം
പാരിതില്‍ കാല്‍വെപ്പ്‌ ശീലിപ്പിക്കാന്‍ ! "
~ 'പിച്ചവെയ്പ്പ് ' : ബാലാമണി അമ്മ ~

Sunday, 3 January 2010

പ്രതീക്ഷ

കൊഴിഞ്ഞു വീണ ഒരു വര്‍ഷത്തിന്റെ തിരിഞ്ഞു നോട്ടമല്ല ഇത്..ചെറുതല്ലാത്ത ചില വിടവുകള്‍ പുതിയൊരു താളില്‍ എഴുതിടുന്നു എന്ന് മാത്രം. മെയിലുകളുടെ മാത്രം ഡ്രാഫ്റ്റില്‍ വല്ലതും കുറിച്ച് വക്കുന്നതല്ലാതെ രണ്ടു വര്‍ഷമായി സ്ഥിരമായ ഡയറി എഴുത്ത് നിലചിട്ട്ട്.
തീക്ഷണമായി ഉള്ളെരിഞ്ഞു ചിരിച്ചു തീര്‍ത്ത ഒരു വര്‍ഷമായിരുന്നു കഴിഞ്ഞത്.ഓര്‍ക്കാതെ ചിരിച്ചപ്പോള്‍ അകത്തെ കനലിന്റെ പ്രകാശം വെളിയില്‍ പരന്നുവോ എന്ന് സംശയം. സ്വയം പിന്തിരിഞ്ഞു നോക്കി വിലയിരുത്തുവാനുള്ള അല്‍പ പക്വത ആര്‍ജിച്ച ശേഷമുള്ള, ഒരു പക്ഷെ ഏറ്റവും കലുഷമായ വര്ഷം ആയിരുന്നിരിക്കണം സ്വന്തം കലണ്ടറില്‍ ഇവിടെ ഓടി ക്ഷീണിച്ചു തീര്‍ത്തത്. ഒടുവില്‍ വര്‍ഷാന്ത്യ കണക്കെടുപ്പില്‍ നഷ്ടങ്ങളുടെ പട്ടികയില്‍ അംഗ സംഘ്യ തലയുയര്‍ത്തി നിന്ന, വീഴ്ത്തി തന്നെ പഠിപ്പിച്ചു തന്ന ചില പാഠങ്ങളുടെ ഉത്തരമില്ലാത്ത ചില ചോദ്യങ്ങള്‍, പിരിമുറുക്കങ്ങള്‍ ക്ഷമയുടെ പരിധികള്‍ പരീക്ഷിച്ച, തികച്ചും അസ്വാരസ്യങ്ങള്‍ നിറഞ്ഞ ഒരു മ്ലാന വര്ഷം...

ഒരിക്കലും കൈമോശപ്പെടില്ലെന്നു അഹങ്കരിച്ചുറപ്പിച്ച സ്വകാര്യതകളില്‍ ചിലത് കുളിര് കോരുന്നൊരു പ്രഭാതത്തില്‍ കൈക്കുമ്പിളില്‍ ചെര്ത്തെടുത ജലം ഊര്‍ന്നു പോകുന്നത് പോലെ നഷ്ടപ്പെടുന്നത് നിസ്സഹായമായി നോക്കിയിരിക്കേണ് വന്നു.... - കുഞ്ഞന്‍, സൂര്യകാന്തിപൂവ് പ്രകാശം പരത്തിയ, സ്വകാര്യതയില്‍ ഒരു നുള്ള് ഗര്‍വിന്റെ മേമ്പോടിയുമായി ഞാനെന്നും കൊണ്ട് നടന്ന ഒരു മേല്‍വിലാസം, എല്ലാറ്റിലുമുപരി ഒരു കുന്നോളം ആത്മ വിശ്വാസം... നിരാശ ദീര്‍ഘ നിശ്വാസങ്ങളായി പെയ്തിറങ്ങുമ്പോള് - സമയം, സമ്പത്ത്, സല്‍പ്പേര്..അപഹരിക്കപ്പെട്ടത് പൂര്‍ണമായും തിട്ടപ്പെടുത്തിയിട്ടില്ലെന്നു തോന്നുന്നു.
ചില കുഞ്ഞു സന്തോഷങ്ങള്‍ ഇതില്‍ മങ്ങി പോകാതെ സൂക്ഷിക്കട്ടെ...
മോഹിച്ചു കൊണ്ട് നടന്ന ആദ്യത്തെ വലിയ ക്യാമറ വാങ്ങിയത്, ഒരു കണ്ണടച്ചു പിടിച്ചു തല ചെരിച് ഒരു പടോരുപാട പടങ്ങള്‍ തളരുവോളമെടുതതത്, വൈകിയിരുന്നു ഒരോണ രാത്രിയില്‍ വായനശാലയില്‍ പെരിങ്ങോട് സുബ്രഹ്മണ്യന്‍ ഇടക്കയില്‍് തീര്‍ത്ത മാന്ത്രിക ലയത്തിനിടയില്‍ മിഴാവ് കൊട്ടി ഞരളത്ത് ഹരിഗോവിന്ദന്‍ ഗീതാഗോവിന്ദം ഉതിര്തതപ്പോള്‍് വീണു തുടങ്ങിയ ഇളം മഞ്ഞിനോടൊപ്പം സ്വയം അലിഞ്ഞിരുന്നത്...ഹരിദ്വാറിലെ സ്നാന ഘട്ടത്തില്‍ കൂവള ഗന്ധം പേറുന്ന ആരതിക്കിടയിലൂടെ ഗംഗയുടെ താളത്തില്‍ ചേര്‍ന്ന് നടന്നത്, സ്വയം കുടുക്കി വെച്ചിരുന്ന ഒരു പാട് ഭയങ്ങളില്‍ നിന്നും പതുക്കെ മനസ്സിനെ അടര്ത്തിക്കൊണ്ട് വരുമ്പോള്‍ നിഗൂഡമായി ആനന്ദിച്ചത്... അര്‍ത്ഥമില്ലാത്ത അറിവുകളുടെ കൂമ്പാരത്തില്‍ നിന്നും ജ്ഞാനത്തിന്റെ ചെറു കണങ്ങള്‍ തപ്പിയെടുത്ത് അനന്തമായ സത്യത്തിന്റെ മാസ്മരികതയും കൌതുകവും തിരിച്ചറിയുന്നത് -- എന്നിലെ കൊച്ചു കുട്ടി സുരക്ഷിതനാണെന്ന് തന്നെ തോന്നുന്നു.

പ്രതീക്ഷകളുടെ ഒരു പുതു വര്‍ഷമാണ്‌ പുലര്ന്നതെന്ന് ആത്മാര്‍ഥമായി വിശ്വസിപ്പിക്കട്ടെ..!!